Wednesday, March 16, 2011

ജിമെയില്‍-സാധ്യതകളും കരുതലും

2004 നു മുന്‍പ് യാഹൂവും അമേരിക്ക ഓണ്‍ലൈനും (എഒഎല്‍) ഹോട്ട്‌മെയിലും ആയിരുന്നു സൗജന്യ ഈമെയില്‍ സേവന രംഗത്തെ രാജാക്കന്മാര്‍. 2004 ലെ വിഡ്ഢിദിനത്തിലാണ് ഗൂഗിള്‍ ജിമെയില്‍ (gmail) എന്ന പേരില്‍ തങ്ങളുടെ ഈമെയില്‍ സേവനത്തിന് തുടക്കം കുറിച്ചത്. മറ്റ് ഈമെയില്‍ സേവനദാതാക്കളെ ഞെട്ടിച്ചുകൊണ്ട് അന്ന് ഓരോ അക്കൗണ്ടിനും 1ജിബി സൗജന്യ സംഭരണശേഷിയാണ് ജിമെയില്‍ വാഗ്ദാനം ചെയ്തത്. അക്കാലത്ത് വെറും 100 എംബി മാത്രമായിരുന്നു യാഹൂവും ഹോട്ട്‌മെയിലും മറ്റും നല്‍കിയിരുന്നതെന്നോര്‍ക്കുക.

തുടക്കത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ചുരുക്കം ചിലര്‍ക്കു മാത്രമേ ജിമെയില്‍ സേവനം ലഭ്യമായിരുന്നുള്ളൂ, അതും ക്ഷണിക്കലിലൂടെ മാത്രം. അക്കാലത്ത് പലരും ഈബേയിലൂടെയും മറ്റും വന്‍ തുകയ്ക്ക് ജിമെയില്‍ അക്കൗണ്ടുകള്‍ വിറ്റ് കാശാക്കി. ഇങ്ങനെ ഡിമാന്‍ഡ് വര്‍ധിച്ചതിനെത്തുടര്‍ന്ന് ഗൂഗിള്‍ കൂടുതല്‍ അക്കൗണ്ടുകള്‍ പുറത്തിറക്കുകയും അക്കൗണ്ട് ഉള്ളവര്‍ക്ക് കൂടുതലായി 50 പേരെ ക്ഷണിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്തു. അങ്ങിനെ ജിമെയില്‍ ബീറ്റ വെബ്ബ്‌ലോകത്ത് തരംഗമായി.

2009 ല്‍ ബീറ്റയില്‍ നിന്നും പൂര്‍ണരൂപത്തിലുള്ള ഈമെയില്‍ സേവനമായി ജിമെയില്‍ പുറത്തുവന്നു. ഇന്ന് ചുരുങ്ങിയത് ഒരു ജിമെയില്‍ അക്കൗണ്ടെങ്കിലും ഇല്ലാത്തവര്‍ കുറവായിരിക്കും. വളരെ ലളിതമായ ഉപയോഗകക്രമവും ശക്തമായ പാഴ്‌മെയില്‍ (സ്​പാം) ഫില്‍ട്ടര്‍ സംവിധാനവും ജിമെയിലിനെ കൂടുതല്‍ ജനകീയമാക്കുന്നു.

മിക്കവാറും എല്ലാ ജിമെയില്‍ ഉപഭോക്താക്കളും ജിമെയില്‍ സെറ്റിംഗുകളെക്കുറിച്ചും അവയുടെ ഉപയോഗരീതിയെക്കുറിച്ചുമെല്ലാം സാമാന്യം ബോധവാന്മാണ്. കാലാകാലങ്ങളില്‍ ഗൂഗിള്‍ ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാറുമുണ്ട്. എങ്കിലും പക്ഷേ, ജിമെയിലി ന്റെ സാധ്യതകള്‍ നല്ലൊരു പങ്കും ഉപയോഗിക്കാതെ പോകുന്നു എന്നതാണ് വാസ്തവം. ജിമെയിലിന്റൈ സാധ്യതകളും ഉപയോഗക്രമവും കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവരെ ഉദ്ദേശിച്ചാണ് ഈ ലേഖനം.

നിങ്ങളുടെ ജിമെയില്‍ അക്കൗണ്ടിലുള്ള പൂര്‍ണനിയന്ത്രണം ജിമെയില്‍ അക്കൗണ്ട് സെറ്റിംഗിലെ വിവിധ പേജുകളിലൂടെയാണ് സാധ്യമാകുന്നത്. ഇതിനായി ലൊഗിന്‍ ചെയ്തതിനു ശേഷം ജിമെയില്‍ വിന്‍ഡോയുടെ മുകളില്‍ വലത്തേ അറ്റത്തുള്ള പല്‍ചക്രചിഹ്നത്തില്‍ അമര്‍ത്തിയാല്‍ ലഭിക്കുന്ന മെനുവിലെ 'Mail settings' തിരഞ്ഞെടുക്കുക.

ജിമെയില്‍ ലേബലുകള്‍

ഡസണ്‍ കണക്കിന് സന്ദേശങ്ങളാണ് മിക്കവരുടെയും ജിമെയില്‍ ബോക്‌സിലേക്ക് ദിവസവും എത്തുന്നത്. പിന്നീട് ഉപയോഗിക്കേണ്ടി വരുന്ന ഒട്ടേറെ മെയിലുകള്‍ അക്കൂട്ടത്തിലുണ്ടാകും. എല്ലാം കൂടി ഒരിടത്ത് കൂട്ടിയിടുന്നതിന് പകരം, സന്ദേശങ്ങള്‍ പ്രത്യേകം വിഭാഗങ്ങളാക്കി തരംതിരിച്ചു വെച്ചാല്‍, ആവശ്യമാകുമ്പോള്‍ തിരഞ്ഞെടുക്കാന്‍ എളുപ്പമാകും. അതിനുള്ളതാണ് ലേബലുകള്‍. അതായത് കമ്പ്യൂട്ടറില്‍ ഫയലുകളെ പ്രത്യേകം തരംതിരിച്ച് ഫോള്‍ഡറുകളില്‍ ആക്കി സൂക്ഷിയ്ക്കുന്നതുപോലെ ഇതും ഉപയോഗിക്കാമെന്നര്‍ഥം.

ലേബലുകള്‍ നിര്‍മിക്കാന്‍

1. അക്കൗണ്ട് സെറ്റിംഗ്‌സിലെ 'ലേബല്‍' എന്ന മെനുവില്‍ പോയി പുതിയ ലേബലുകള്‍ സൃഷ്ടിക്കാം. മാത്രമല്ല നിലവിലുള്ള ലേബലുകള്‍ മറയ്ക്കുവാനും കാണിക്കുവാനും കൂടിയുള്ള സൗകര്യങ്ങള്‍ ഈ പേജില്‍ ലഭ്യമാണ്.

2. ഇന്‍ബോക്‌സില്‍ ലേബല്‍ ചെയ്യേണ്ട ഒന്നോ അതിലധികമോ സന്ദേശങ്ങള്‍ തെരഞ്ഞെടുക്കുക അതിനു ശേഷം 'ലേബല്‍' എന്ന മെനുവില്‍ അമര്‍ത്തുക അപ്പോള്‍ ലഭിക്കുന്ന ഡ്രോപ് ഡൌണ്‍ മെനുവിലെ 'Create New' ല്‍ അമര്‍ത്തിയാല്‍ കിട്ടുന്ന വിന്‍ഡോയിലൂടെ പുതിയ ലേബല്‍ നിര്‍മിക്കാനാകും.


അങ്ങനെ സൃഷ്ടിക്കുന്ന ലേബലുകള്‍ മെയില്‍ ബോക്‌സിന്റെ ഇടതുവശത്ത് 'Inbox' എന്നതിന് താഴെയായി ഇംഗ്ലീഷ് അക്ഷരമാലാക്രമത്തില്‍ സ്ഥാനംപിടിച്ചിട്ടുണ്ടാകും. അത്തരം ലേബലുകളുടെ ഇടത്ത് കാണുന്ന വെള്ള ചതുരത്തില്‍ കര്‍സര്‍ കൊണ്ടുചെന്ന് വലത് മൗസ് ക്ലിക്ക് ചെയ്താല്‍, ലേബലുകള്‍ക്ക് വിവിധ നിറങ്ങള്‍ കൊടുക്കാനും സാധിക്കും. വിവിധ വിഭാഗത്തിലുള്ള സന്ദേശങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഇത് കൂടുതല്‍ സഹായകമാകും.


നക്ഷത്ര ചിഹ്നം

പ്രത്യേക ശ്രദ്ധ വേണ്ട ഈ സന്ദേശങ്ങളെ എളുപ്പത്തില്‍ രേഖപ്പെടുത്തുന്നതിനായി നക്ഷത്രചിഹ്നം ഉപയോഗിക്കാം. ഇന്‍ബോക്‌സിലുള്ള മെയിലിനെ നക്ഷത്രചിഹ്നമുള്ളതാക്കുന്നതിന് ഓരോ മെയിലിനും നേരെയുള്ള നക്ഷത്ര ചിഹ്നത്തില്‍ അമര്‍ത്തിയാല്‍ മതി. 'Starred' എന്ന മെനു ലിങ്കില്‍ അമര്‍ത്തിയാല്‍ ഇത്തരത്തില്‍ വേര്‍തിരിക്കപ്പെട്ട സന്ദേശങ്ങള്‍ എളുപ്പത്തില്‍ ലഭിക്കും.


സന്ദേശങ്ങളെ നിശബ്ദമാക്കാം

ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. നിങ്ങള്‍ ഒരു ഗൂഗിള്‍ ഗ്രൂപ്പിലെ അംഗമാണ്. ആ ഗ്രൂപ്പ് ദിവസവും നിരവധി സന്ദേശങ്ങള്‍ അയയ്ക്കുന്നു. നിങ്ങള്‍ക്ക് ആ മെയിലുകളില്‍ താത്പര്യമുണ്ടെങ്കിലും അവ ഇന്‍ബോക്‌സില്‍ പുതിയ മെയിലുകളായി വന്നു ശല്യപ്പെടുത്തുന്നത് ഇഷ്ടമാകുന്നില്ലെങ്കില്‍, പ്രസ്തുത സന്ദേശങ്ങളെ 'More actions' എന്ന മെനുവിലെ 'Mute' ഉപയോഗിച്ച് നിശബ്ദമാക്കാം.

അതായത് നിങ്ങള്‍ മ്യൂട്ട് ചെയ്ത ഗ്രൂപ്പില്‍ നിന്നോ വ്യക്തിയില്‍ നിന്നോ വരുന്ന തുടര്‍സന്ദേശങ്ങള്‍ ഇന്‍ബോക്‌സില്‍ പുതിയവയായി കാണിക്കുന്നതിനു പകരം 'ആര്‍ക്കൈവ്' ലിസ്റ്റിലേയ്ക്കു പോകുന്നു. പിന്നീട് ആര്‍ക്കൈവുകളില്‍ നിന്നും അവ വായിക്കാവുന്നതാണ്. ' is:muted ' എന്ന് സെര്‍ച്ച്‌ബോക്‌സില്‍ എന്റര്‍ ചെയ്ത് തിരഞ്ഞാല്‍ നിശബ്ദമാക്കപ്പെട്ട സന്ദേശങ്ങള്‍ മുന്നിലെത്തും.


ജനറല്‍ സെറ്റിംഗുകള്‍

Language: മലയാളമടക്കമുള്ള ഭാഷകളില്‍ ജിമെയില്‍ ലഭ്യമാണ്. മറ്റൊരു സൗകര്യമാണ് 'ട്രാന്‍സ്ലിറ്ററേഷന്‍'. അതായത് മറ്റു ഭാഷകള്‍ ഇംഗ്ലീഷ് കീബോര്‍ഡ് ഉപയോഗിച്ചു തന്നെ ടൈപ്പ് ചെയ്യാനാകുന്ന സംവിധാനം.

Maximum page size: ഇതിലൂടെ ഒരു പേജില്‍ എത്ര ഈമെയില്‍ സന്ദേശങ്ങളും കോണ്ടാക്ടുകളും കാണിയ്ക്കണം എന്ന് നിശ്ചയിക്കാം. ഇവയുടെ എണ്ണം ഒരു പരിധിയിലും കൂടുതലായി ക്രമീകരിച്ചാല്‍ പേജ് മുഴുവനായും തുറക്കാന്‍ കൂടുതല്‍ സമയം എടുക്കും.

Keyboard shortcuts: കമ്പ്യൂട്ടറിലെ മറ്റു സോഫ്ട്‌വേറുകളെപ്പോലെ തന്നെ ജിമെയിലിലും കീബോര്‍ഡ് ഷോര്‍ട്കട്ടുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇത് വേണോ വേണ്ടയോ എന്ന് നമ്മളാണ് തീരുമാനിക്കേണ്ടത്. ജിമെയില്‍ കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍ ഈ പേജില്‍ ലഭ്യമാണ്.

External content: മറ്റു സൈറ്റുകളില്‍ നിന്നുള്ള ചിത്രങ്ങളും മറ്റും കാണിയ്ക്കണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ ഈ സെറ്റിംഗിലൂടെ കഴിയുന്നു. ഇത് നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായുള്ളതാണ്. അതായത്, ചിത്രങ്ങള്‍ സ്വയമേവ പ്രദര്‍ശിപ്പിക്കപ്പെടുകയാണെങ്കില്‍ ഒരു അക്‌നോളഡ്ജ്‌മെന്റ് പോലെ നിങ്ങള്‍ മെയില്‍ വായിച്ചു എന്ന് അയച്ച ആള്‍ക്ക് മനസ്സിലാക്കാനാകും. ഒരാളില്‍ നിന്നുള്ള ചിത്രങ്ങള്‍ സഹിതമുള്ള രണ്ടു സന്ദേശങ്ങള്‍ ഇത്തരത്തില്‍ വായിക്കുകയാണെങ്കില്‍ തുടര്‍ന്ന് പ്രസ്തുത വ്യക്തിയില്‍ നിന്നും ലഭിയ്ക്കുന്ന എല്ലാ സന്ദേശങ്ങളിലെയും ചിത്രങ്ങള്‍ സ്വയമേവ ദൃശ്യമാവുന്നതാണ്. കൂടാതെ നിങ്ങള്‍ അംഗമായ ഗൂഗിള്‍ ഗ്രൂപ്പില്‍ നിന്നും ലഭിക്കുന്ന സന്ദേശങ്ങളിലെ ചിത്രങ്ങളും ദൃശ്യമാക്കപ്പെടുന്നു.

Conversation View: നിങ്ങള്‍ സുഹൃത്തിനൊരു സന്ദേശം അയച്ചു. അതിനു മറുപടി ലഭിച്ചു. തുടര്‍ന്ന് നിങ്ങള്‍ വീണ്ടും പ്രസ്തുത സന്ദേശത്തിന് മറുപടി അയച്ചു. ഇത്തരത്തില്‍ ഒരേ തലക്കെട്ടിലുള്ള സന്ദേശങ്ങളെയും അവയ്ക്കുള്ള മറുപടികളും ഒറ്റ ഗ്രൂപ്പായി കാണിക്കണോ വേണ്ടയോ എന്ന് നിശ്ചയിക്കാനാണ് ഈ സെറ്റിംഗ്.

Desktop Notifications: ഇത് ഗൂഗിളിന്റെ സ്വന്തം ബ്രൗസറായ ക്രോമിനു മാത്രമായി ലഭ്യമാക്കിയിരിക്കുന്ന ഒരു ഫീച്ചര്‍ ആണ്. അതായത് നിങ്ങള്‍ ഇത് എനേബിള്‍ ചെയ്തിരിയ്ക്കുകയാണെങ്കില്‍ ഒരു പുതിയ മെയിലോ ചാറ്റ് സന്ദേശമോ ലഭിച്ചാല്‍ ഒരു പോപ് അപ്പിലൂടെ അത് ഡസ്‌ക്ടോപ്പില്‍ ലഭ്യമാകും.

My picture: മെയിലിലും ചാറ്റ് ലിസ്റ്റിലും ഒക്കെ നിങ്ങളുടെ ഒരു ഫോട്ടോയോ താത്പര്യമുള്ള ഒരു ചിത്രമോ ഉണ്ടെങ്കില്‍ നന്നായിരിയ്ക്കില്ലേ. ഇവിടെ ഇത്തരത്തില്‍ ഫോട്ടോ അപ്‌ലോഡ് ചെയ്ത് ഗൂഗിള്‍ അക്കൗണ്ടില്‍ ഉപയോഗിക്കുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു.

Contact Picture: നിങ്ങളുടെ കോണ്ടാക്ടിലുള്ളവരുടെ പ്രൊഫൈല്‍ ഫോട്ടോ ജിമെയില്‍ ലിസ്റ്റില്‍ കാണിക്കണോ വേണ്ടയോ എന്ന് ഇവിടെയുള്ള സെറ്റിംഗിലൂടെ തീരുമാനിക്കാം.

Signature: ഈ അടുത്തിടയായി ജിമെയില്‍ സിഗ്‌നേച്ചര്‍ ആയി ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. നിങ്ങളുടെ സിഗ്‌നേച്ചര്‍ ആയി ഒരു ചിത്രമോ ബ്ലോഗിലേക്കോ, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളിലേക്കുള്ള ലിങ്കോ ഒക്കെ ആയി ഉപയോഗിക്കാന്‍ കഴിയും. പുതിയ സന്ദേശങ്ങള്‍ തയ്യാറാക്കുമ്പോള്‍ ഈ സിഗ്‌നേച്ചറുകള്‍ സ്വയമേവ അടിയിലായി കൂട്ടിച്ചേര്‍ക്കപ്പെടുന്നു.

Snippets: ഇന്‍ബോക്‌സില്‍ സന്ദേശങ്ങളുടെ തലക്കെട്ടുകള്‍ക്കു പുറമെ ഉള്ളടക്കത്തിലെ ആദ്യ വരികള്‍ കൂടെ കാണുവാന്‍ സ്‌നിപ്പറ്റുകള്‍ എനേബിള്‍ ചെയ്താല്‍ മതിയാകും

ഒരു മെയില്‍ അക്കൗണ്ടിലുള്ള മെയിലുകളും കോണ്ടാക്ടുകളും എങ്ങിനെ നിങ്ങളുടെ ഈമെയില്‍ അക്കൗണ്ട് ജിമെയിലിലേക്ക് ഇമ്പോര്‍ട്ട് ചെയ്യാം-

ഇതിനായി ജിമെയില്‍ അക്കൗണ്ട് സെറ്റിംഗ്‌സിലെ 'അക്കൗണ്ട്‌സ് ആന്‍ഡ് ഇമ്പോര്‍ട്ട്' എന്ന മെനു തെരഞ്ഞെടുക്കുക. അതിനു ശേഷം 'ഇമ്പോര്‍ട്ട് മെയില്‍ ആന്‍ഡ് കോണ്ടാക്ട്‌സ്' എന്ന ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ ലഭിക്കുന്ന വിന്‍ഡോവില്‍ ഏത് അക്കൗണ്ടാണോ ഇമ്പോര്‍ട്ട് ചെയ്യേണ്ടത്, അതിന്റെ ഐഡി രേഖപ്പെടുത്തുക. അടുത്ത വിന്‍ഡോയില്‍ പ്രസ്തുത ഈമെയില്‍ അക്കൌണ്ടിന്റെ പാസ്‌വേഡ് നല്‍കുക. തുടര്‍ന്നു ലഭിക്കുന്ന വിന്‍ഡോയില്‍ എന്തൊക്കെ കാര്യങ്ങള്‍ ആണ് ഇമ്പോര്‍ട്ട് ചെയ്യേണ്ടതെന്ന് തീരുമാനിക്കാം. കോണ്ടാക്ടുകള്‍, സന്ദേശങ്ങള്‍, അടുത്ത 30 ദിവസം കൂടി വരുന്ന സന്ദേശങ്ങള്‍ എന്നിവയാണിവ. മാത്രമല്ല, ഇങ്ങിനെ ഇമ്പോര്‍ട്ട് ചെയ്ത സന്ദേശങ്ങളെ ഒരു പ്രത്യേക ലേബലായി സൂക്ഷിയ്ക്കുവാനുള്ള സൗകര്യവും ഉണ്ട്.




ഓര്‍മിക്കുക: നിങ്ങള്‍ക്ക് മറ്റൊരു ജിമെയില്‍ അക്കൗണ്ടില്‍ നിന്നും ഇത്തരത്തില്‍ സന്ദേശങ്ങള്‍ ഇമ്പോര്‍ട്ട് ചെയ്യാനാകില്ല അതിനായി 'ഓട്ടോ ഫോര്‍വേഡ്' എന്ന സംവിധാനം ഉപയോഗിക്കുക.

ഒന്നില്‍ കൂടുതല്‍ മെയില്‍ ഐഡികള്‍ക്കായി ഒരു ജിമെയില്‍ അക്കൗണ്ട്

ഒരു ഈമെയില്‍ ഐഡി മാത്രമുള്ളവര്‍ ഇക്കാലത്ത് കുറവായിരിക്കും. ഒന്നില്‍ കൂടുതല്‍ ഐഡികളുടെ പാസ്‌വേഡുകള്‍ ഓര്‍ത്തു വെയ്ക്കുകയും പ്രത്യേകമായി ലോഗിന്‍ ചെയ്ത് സന്ദേശങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്നത് പലപ്പോഴും എളുപ്പമാകാറില്ല. എന്നാല്‍ ജിമെയിലിലെ 'അക്കൗണ്ട് ഇമ്പോര്‍ട്ട്' എന്ന സംവിധാനം ഉപയോഗപ്പെടുത്തി ഒന്നിലധികം അക്കൗണ്ടുകളില്‍ നിന്നും സന്ദേശങ്ങള്‍ സ്വീകരിക്കാനും അയയ്ക്കാനും സാധിക്കുന്നു. ജിമെയില്‍ അക്കൗണ്ട് മാത്രമല്ല ഇത്തരത്തില്‍ ഇമ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്നത് യാഹൂ, റെഡ്ഡീഫ് തുടങ്ങിയ മറ്റേത് അക്കൗണ്ടുകളും നിങ്ങളുടെ ജിമെയില്‍ അക്കൗണ്ടിലേക്ക് ഇമ്പോര്‍ട്ട് ചെയ്യാനാകും. അതായത് ഈ അക്കൗണ്ടുകളിലേയ്ക്കു വരുന്ന സന്ദേശങ്ങള്‍ നിങ്ങളുടെ ജിമെയില്‍ ഇന്‍ബോക്‌സില്‍ എത്തും. മാത്രമല്ല ഇവയ്ക്കുള്ള മറുപടിയും അതേ അക്കൗണ്ടുകളില്‍ നിന്നും അയയ്ക്കുന്നതുപോലെ അയയ്ക്കാന്‍ കഴിയും.

മറ്റൊരു അക്കൗണ്ടിന്റേതായി ജിമെയിലില്‍ നിന്നും എങ്ങിനെ സന്ദേശങ്ങള്‍ അയയ്ക്കാനാകും

ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. നിങ്ങള്‍ക്ക് യാഹൂവിലും റെഡ്ഡിഫ്ഫിലും ഓരോ ഐഡികള്‍ ഉണ്ട്. പ്രസ്തുത അക്കൗണ്ടിലെ ഈമെയില്‍ ഫോര്‍വേഡ് സൗകര്യം ഉപയോഗപ്പെടുത്തി നിങ്ങള്‍ ആ അക്കൗണ്ടുകളില്‍ വരുന്ന ഈ സന്ദേശങ്ങളെല്ലാം ജിമെയില്‍ അക്കൗണ്ടിലേക്ക് ഫോര്‍വേഡ് ചെയ്തിരിക്കുന്നു. അതായത് ഈ അക്കൗണ്ടുകളിലേക്ക് വരുന്ന സന്ദേശങ്ങളെല്ലാം തന്നെ നിങ്ങളുടെ ജിമെയില്‍ അക്കൗണ്ടില്‍ ലഭ്യമാകുന്നു. ഇനി ഇത്തരത്തിലെത്തുന്ന സന്ദേശങ്ങള്‍ക്കുള്ള മറുപടിയും അതേ അഡ്രസ്സില്‍ നിന്നു തന്നെ അയക്കണ്ടേ, ജിമെയിലില്‍ അതിനുള്ള സംവിധാനം ഉണ്ട്. 'കസ്റ്റം ഫ്രം അഡ്രസ്സ്' എന്ന സംവിധാനം പ്രയോജനപ്പെടുത്തി നിങ്ങളുടെ ജിമെയില്‍ അക്കൗണ്ടില്‍ നിന്നും ഒന്നില്‍ കൂടുതല്‍ 'ഫ്രം' അഡ്രസ്സുകള്‍ സന്നിവേശിപ്പിക്കാനാകും.

കസ്റ്റം ഫ്രം അഡ്രസ്സുകള്‍: അക്കൗണ്ട് ആന്‍ഡ് ഇമ്പോര്‍ട്ട് പേജിലെ 'Send mail as' എന്നതിനു നേരേയുള്ള 'Send mail from another address' എന്ന ബട്ടണില്‍ അമര്‍ത്തുക അപ്പോള്‍ ലഭിക്കുന്ന പോപ് അപ് വിന്‍ഡോയില്‍ പ്രസ്തുത ഈമെയില്‍ വിലാസത്തിന്റെ വിവരങ്ങള്‍ നല്‍കുക. അതിനു ശേഷം അടുത്ത പേജിലേയ്ക്കു പോകുക.

അവിടെ രണ്ട് കാര്യങ്ങള്‍ കാണാനാകും 1. ഈമെയില്‍ അയക്കാന്‍ ജിമെയില്‍ സെര്‍വര്‍ ഉപയോഗപ്പെടുത്തുക. 2. ഏത് അഡ്രസ്സ് ആണോ ഫ്രം അഡ്രസ്സായി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നത്, പ്രസ്തുത അഡ്രസ്സിന്റെ സെര്‍വര്‍ ഉപയോഗിയ്ക്കുക. ഇതില്‍ ഒന്നാമത്തെ രീതിയാണ് കൂടുതല്‍ അഭികാമ്യവും എളുപ്പവും.


തുടര്‍ന്ന് ഫ്രം അഡ്രസ്സ് ആയി ഉപയോഗിക്കാന്‍ ആഗ്രഹിക്കേണ്ട ഈമെയില്‍ അഡ്രസ്സിന്റെ യഥാര്‍ത്ഥ ഉടമ നിങ്ങള്‍ തന്നെയാണോ എന്ന് ഉറപ്പുവരുത്താനായി ഒരു സന്ദേശം ആ വിലാസത്തിലേക്ക് അയയ്ക്കപ്പെടുന്നു. അങ്ങിനെ ലഭിക്കുന്ന മെയിലിലെ ലിങ്കില്‍ അമര്‍ത്തുകയോ അല്ലെങ്കില്‍ മെയിലില്‍ ലഭിച്ച കോഡ് 'വെരിഫൈ' എന്ന ബട്ടണില്‍ അമര്‍ത്തുമ്പോള്‍ കിട്ടുന്ന പോപ് അപ് വിന്‍ഡോയില്‍ രേഖപ്പെടുത്തുകയോ ചെയ്യാം. ഇത്തരത്തില്‍ ഒന്നിലധികം 'കസ്റ്റം ഫ്രം അഡ്രസ്സുകള്‍' ഒരു ജിമെയില്‍ അക്കൗണ്ടിനകത്തു തന്നെ നിര്‍മിക്കാനാകും.

ഇനി അടുത്തപടിയായുള്ളത് രണ്ടു സെറ്റിംഗുകള്‍ ആണ്. ഒന്നാമത്തേത്, നിങ്ങള്‍ ഒരു പുതിയ സന്ദേശം തയ്യാറാക്കുമ്പോള്‍ ഫ്രം അഡ്രസ്സില്‍ സ്വയമേവ വരേണ്ട വിലാസം ഏതെന്ന് തീരുമാനിക്കാം. ഇതിനായി ഏതെങ്കിലും ഒരു വിലാസത്തിനു നേരേയുള്ള 'Make as Default' എന്ന ലിങ്കില്‍ അമര്‍ത്തുക.

ഇനി അടുത്ത സെറ്റിംഗിലേക്കു കടക്കാം. ഇത് മറ്റു അക്കൗണ്ടുകളില്‍ നിന്നും വരുന്ന സന്ദേശങ്ങള്‍ക്കുള്ള മറുപടിക്കായി ഏത് അക്കൗണ്ടാണ് ഉപയോഗിക്കേണ്ടതെന്നു തീരുമാനിക്കാനുള്ളതാണ്. ഇത് രണ്ടു വിധത്തില്‍ സാധ്യമാണ്. ഒന്ന് വരുന്ന സന്ദേശങ്ങള്‍ക്ക് അതേ വിലാസത്തില്‍ നിന്നുതന്നെ മറുപടി അയയ്ക്കുക, എല്ലാ സന്ദേശങ്ങള്‍ക്കും മേല്‍പ്പറഞ്ഞ ഡീഫോള്‍ട്ട് ഐഡിയില്‍ നിന്നും മറുപടി അയയ്ക്കുക. ഇതില്‍ ആദ്യത്തെ സെറ്റിംഗ് തെരഞ്ഞെടുക്കുകയായിരിയ്ക്കും കൂടുതല്‍ അഭികാമ്യം. കാരണം നിങ്ങളുടെ യാഹൂ ഐഡിയിലേക്ക് ഒരാള്‍ ഈമെയില്‍ അയയ്ക്കുന്നു. നിങ്ങള്‍ യാഹൂ അക്കൗണ്ടിനെ ജിമെയില്‍ അക്കൗണ്ടിലേക്ക് ഫോര്‍വേഡ് ചെയ്തിരിക്കുന്നു എന്ന വിവരം നിങ്ങള്‍ക്ക് മാത്രമല്ലേ അറിയൂ. അതിനാല്‍ പ്രസ്തുത മെയിലിന് ജിമെയില്‍ അക്കൗണ്ടില്‍ നിന്നും മറുപടി വരുമ്പോള്‍ ആശയക്കുഴപ്പമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.


ജിമെയില്‍ അക്കൗണ്ട് ഷെയറിംഗ്

ജിമെയില്‍ അക്കൗണ്ട് ഷെയറിംഗ് സംവിധാനത്തിലൂടെ നിങ്ങളുടെ ഈമെയില്‍ അക്കൗണ്ടിലുള്ള അവകാശങ്ങള്‍ മറ്റൊരു അക്കൗണ്ട് ഉടമയ്ക്ക് പകര്‍ന്നു നല്‍കാന്‍ ആകുന്നു. അതായത് നിങ്ങള്‍ക്കു വരുന്ന സന്ദേശങ്ങള്‍ വായിക്കുവാനും അവയ്ക്ക് മറുപടി നല്‍കുവാനും അക്കൗണ്ട് അവകാശങ്ങള്‍ പകര്‍ന്നു ലഭിയ്ക്കപ്പെട്ട വ്യക്തിക്ക് കഴിയുന്നു. ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഈ സംവിധാനം പ്രയോജനപ്രദമാണ്. ജിമെയില്‍ അക്കൗണ്ട് ഷെയറിംഗിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഈ വിഡിയോ കാണുക.



ഫില്‍ട്ടറുകള്‍

ജിമെയിലിലെ വളരെ പ്രധാനപ്പെട്ടതും ഉപയോഗപ്രദവുമായ സംവിധാനമാണ് ഫില്‍ട്ടറിംഗ്. ഇതിലൂടേ ഓരോ മെയിലിനെയും സൗകര്യപ്രദമായി വേര്‍തിരിക്കാനും ക്രമീകരിക്കാനും കഴിയുന്നു. പാഴ്‌മെയിലുകളെ സ്​പാം ഫോള്‍ഡറില്‍ പോലും വയ്ക്കാതെ സ്വയമേവ നീക്കം ചെയ്യാന്‍ ഫില്‍ട്ടറുകള്‍ ഉപയോഗിക്കാം.

ഫില്‍ട്ടറുകള്‍ ഉപയോഗിക്കേണ്ടത് - 'Create a Filter' എന്ന ലിങ്കില്‍ അമര്‍ത്തുക. അപ്പോള്‍ ലഭിക്കുന്ന പേജിലൂടെ എങ്ങിനെയാണ് സന്ദേശങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യേണ്ടതെന്ന് തീരുമാനിക്കാം. അതായത് ഒന്നോ അതിലധികമോ ഈമെയില്‍ വിലാസത്തില്‍ നിന്നുള്ള സന്ദേശങ്ങള്‍, തലക്കെട്ട്, ചില പ്രത്യേക വാക്കുകള്‍ തുടങ്ങിയവയ്ക്കനുസരിച്ച് സന്ദേശങ്ങളെ അരിച്ചെടുത്ത് ക്രമീകരിക്കാം.


ഇത്തരത്തില്‍ അരിച്ചെടുക്കുന്ന സന്ദേശങ്ങളെ എന്തു ചെയ്യണം എന്ന് അടുത്ത വിന്‍ഡോയിലെ സെറ്റിംഗുകളിലൂടെ തീരുമാനിക്കാം. ഇവയില്‍ താഴെപ്പറയുന്നവ ഉള്‍പ്പെടുന്നു,

ഇന്‍ബോക്‌സില്‍ കാണിക്കാതിരിക്കുക

വായിച്ചതായി അടയാളപ്പെടുത്തുക

നക്ഷത്ര ചിഹ്നമുള്ളതാക്കുക

പ്രത്യേക ലേബല്‍ കൊടുക്കുക

പ്രത്യേക ഈമെയില്‍ വിലാസത്തിലേക്ക് ഫോര്‍വേഡ് ചെയ്യുക

നീക്കം ചെയ്യുക

ഒരിക്കലും സ്​പാം ആയി കണക്കാക്കാതിരിക്കുക

മേല്‍പ്പറഞ്ഞതില്‍ ഒന്നോ അതിലധികമോ സെറ്റിംഗുകള്‍ ആവശ്യനുസരണം തെരഞ്ഞെടുക്കാം.

ഉദാഹരണത്തിന് ഒരു പ്രത്യേക വിലാസത്തില്‍ നിന്ന് വരുന്ന എല്ലാ സന്ദേശങ്ങളെയും നക്ഷത്ര ചിഹ്നമിട്ടു വേര്‍തിരിക്കണമെങ്കില്‍ ആ വിലാസം 'From' എന്ന കോളത്തില്‍ ചേര്‍ക്കുക. അതിനു ശേഷം അടുത്ത പേജിലെ 'Star it' എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് ഫില്‍ട്ടറുകള്‍ നിര്‍മ്മിക്കാം.

ഇനി ഒരു ശല്ല്യക്കാരനായ പ്രത്യേക വിലാസക്കാരനില്‍ നിന്നും വരുന്ന എല്ലാ മെയിലുകളും സ്​പാം ഫോള്‍ഡറില്‍ പോലും വരാതെ നേരിട്ട് നീക്കം ചെയ്യണമെങ്കില്‍ അതിനായും ഫില്‍ട്ടര്‍ നിര്‍മിക്കാന്‍ കഴിയും.

ഫോര്‍വേഡിംഗ് /പോപ് ഐ മാപ്

ഫോര്‍വേഡിംഗ് ആന്‍ഡ് പോപ്/ഐ മാപ് എന്ന പേജിലെ 'ഫോര്‍വേഡിംഗ്' ബട്ടനില്‍ അമര്‍ത്തി നിങ്ങളുടെ ജിമെയില്‍ അക്കൗണ്ടില്‍ വരുന്ന എല്ലാ സന്ദേശങ്ങളേയും മറ്റൊരു അക്കൗണ്ടിലേക്ക് സ്വയമേവ മാറ്റുവാന്‍ കഴിയുന്നു. ഫില്‍ട്ടറുകള്‍ ഉപയോഗിച്ച് തിരഞ്ഞെടുത്ത സന്ദേശങ്ങള്‍ മാത്രം ഫോര്‍വേഡ് ചെയ്യുകയും സാധ്യമാണ്.


പോപ് /ഐമാപ് സെറ്റിംഗുകള്‍

പോപ്പ് (പോസ്റ്റ് ഓഫീസ് പ്രോട്ടോക്കോള്‍)/ഐമാപ് (ഇന്റര്‍നെറ്റ് മെസേജ് ആക്‌സസ് പ്രോട്ടോക്കോള്‍) സെറ്റിംഗുകള്‍ ജിമെയിലില്‍ നിന്നും സന്ദേശങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടറിലേയ്ക്ക് ഡൗണ്‍ലോഡ് ചെയ്യാനും ജിമെയില്‍ വെബ്‌സൈറ്റില്‍ പോകാതെ തന്നെ ഈമെയില്‍ സേവനങ്ങളുപയോഗിക്കാനും സഹായിക്കുന്നു. അതായത് മൈക്രോസോഫ്ട് ഔട്ട്‌ലുക്ക്, മോസില്ല തണ്ടര്‍ബേഡ് , ആപ്പിള്‍ മെയില്‍ തുടങ്ങിയ ഡെസ്‌ക്ടോപ് ഈമെയില്‍ ക്ലയന്റ് സോഫ്ട്‌വേറുകള്‍ ഉപയോഗിച്ച് ജിമെയില്‍ ഉപയോഗിക്കാന്‍ കഴിയുന്നു. ഇത്തരത്തിലുള്ള സോഫ്ട്‌വേറുകള്‍ ഉപയോഗിക്കുന്നതു കൊണ്ട് പല പ്രയോജനങ്ങളും ഉണ്ട്. ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമല്ലാത്ത അവസരങ്ങളില്‍ സന്ദേശങ്ങള്‍ തയ്യാറാക്കാന്‍ കഴിയുക, സന്ദേശങ്ങളുടേയും മറ്റു കോണ്ടാക്ടുകളുടേയും പകര്‍പ്പുകള്‍ കമ്പ്യൂട്ടറില്‍ സൂക്ഷിയ്ക്കാന്‍ സാധിക്കുക തുടങ്ങിയവ അവയില്‍ ചിലതു മാത്രം.
നിങ്ങളുടെ ഈമെയില്‍ ക്ലയന്റ് സോഫ്ട്‌വേറുകള്‍ ജിമെയില്‍ അക്കൗണ്ടുമായി ബന്ധിക്കാന്‍ ഈ ലിങ്കുകള്‍ സഹായിക്കുന്നു.
(http://mail.google.com/support/bin/answer.py?hl=en-GB&ctx=mail&answer=12103)
(http://mail.google.com/support/bin/answer.py?hl=en-GB&ctx=mail&answer=75726)

ചാറ്റ്

മറ്റു പ്രത്യേക അപ്ലിക്കേഷനുകളുടെയൊന്നും ആവശ്യമില്ലാതെ തന്നെ സുഹൃത്തുക്കളുമായി വേഗത്തില്‍ തത്സമയ സംഭാഷണം സാധ്യമാക്കാന്‍ ജിമെയില്‍ ചാറ്റ് സഹായിക്കുന്നു. വൊയ്‌സ് ചാറ്റ്, വീഡിയോ ചാറ്റ് എന്നീ സൗകര്യങ്ങളും ലഭ്യമാണ്. നിങ്ങള്‍ രണ്ടില്‍ കൂടുതല്‍ തവണ ഒരാളുമായി ഈമെയില്‍ സന്ദേശങ്ങള്‍ കൈമാറിയാല്‍ സ്വയമേവ ആ വ്യക്തി നിങ്ങളുടെ ചാറ്റ് ലിസ്റ്റില്‍ ചേക്കപ്പെടുകയും ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ സ്റ്റാറ്റസുകള്‍ ചാറ്റ് വിന്‍ഡോയില്‍ ചേര്‍ക്കപ്പെടുകയും ചെയ്യുന്നു. ഈ സംവിധാനം വേണ്ടെന്നു വയ്ക്കാനും നിങ്ങളുടെ ക്ഷണത്തിലൂടെ മാത്രം ചാറ്റ് ചെയ്യാന്‍ അനുവാദം നല്‍കുന്നതിനും ചാറ്റ് സെറ്റിംഗ് പേജിലൂടെ കഴിയുന്നു.

ചാറ്റ് ഹിസ്റ്ററി

നിങ്ങള്‍ സുഹൃത്തുമായി നടത്തിയ സംഭാഷണങ്ങള്‍ ചാറ്റ് എന്ന പേരില്‍ ഒരു ലേബല്‍ ആക്കി അക്കൗണ്ടില്‍ സൂക്ഷിക്കപ്പെടുന്നു. ആവശ്യമില്ലാത്തപക്ഷം ആ സംവിധാനം വേണ്ടെന്നു വെയ്ക്കാനും ചാറ്റ് സെറ്റിംഗിലൂടെ കഴിയുന്നു. ഇതിനായി 'Never Save Chat History' എന്ന ഒപ്ഷന്‍ തിരഞ്ഞെടുക്കുക.


വെബ് ക്ലിപ്പുകളും ഗൂഗിള്‍ പരസ്യങ്ങളും

ജിമെയില്‍ ഒരു സൗജന്യ സേവനം ആണെങ്കില്‍ കൂടി ഗൂഗിളിന്റെ പ്രധാന വരുമാന മാര്‍ഗ്ഗമായ പരസ്യങ്ങളില്‍ നിന്നും ജിമെയിലും മുക്തമല്ല. ഇന്‍ബോക്‌സിന്റെ വലത്തു ഭാഗത്തും നാവിഗേഷന്‍ ബാറിനു മുകളിലുമാണ് പരസ്യങ്ങള്‍ കാണിക്കുന്നത്. നിങ്ങളുടെ ഈമെയില്‍ സന്ദേശങ്ങളുമായി ബന്ധമുള്ളതും നിങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ചതുമായ പരസ്യങ്ങളാണ് സാധാരണയായി ജിമെയിലില്‍ പ്രദര്‍ശിപ്പിക്കാറുള്ളത്. ഇത് ജിമെയിലിന്റെ ആരംഭഘട്ടത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. എന്നാല്‍ ഗൂഗിള്‍ പറയുന്നത് നിങ്ങളുടെ സ്വകാര്യ വിവരങ്ങളൊന്നും തന്നെ ചോര്‍ത്തപ്പെടുകയോ ശേഖരിക്കപ്പെടുകയോ ചെയ്യുന്നില്ല എന്നാണ്. നിങ്ങള്‍ മറ്റു സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ കാണുന്ന ഗൂഗിള്‍ പരസ്യങ്ങളുടേതു പോലെ തന്നെയാണ് ജിമെയിലിലും പരസ്യങ്ങള്‍ ദൃശ്യമാക്കുന്നത്.

വെബ് ക്ലിപ്പുകള്‍: മിക്കവരും പരസ്യങ്ങളെന്നു കരുതി മെയില്‍ നാവിഗേഷന്‍ ബാറിനു മുകളിലുള്ള ഭാഗത്തെ അവഗണിക്കാറാണ് പതിവ്. എന്നാല്‍ ഇവ പരസ്യങ്ങള്‍ക്കു മാത്രമായുള്ളതല്ല. നിങ്ങള്‍ സ്ഥിരമായി സന്ദര്‍ശിക്കാറൂള്ള സൈറ്റുകളില്‍ നിന്നുള്ള പുതിയ വാര്‍ത്തകള്‍ ജിമെയില്‍ അക്കൗണ്ടില്‍ തന്നെ കാണാനുള്ള ഒരു സംവിധാനം കൂടിയാണ് ഇത്. ഉദാഹരണമായി മാതൃഭൂമി ടെക് വിഭാഗത്തില്‍ നിന്നുള്ള അപ്‌ഡേറ്റുകള്‍ തത്സമയം ജിമെയിലില്‍ വെബ്ക്ലിപ്പ് ആയി എത്തണമെന്നുണ്ടെങ്കില്‍, വെബ്ക്ലിപ്പ് എന്ന പേജിലെ ഫീഡ് അഡ്രസ്സ് ആയി 'http://feeds.feedburner.com/mb4tech' എന്ന് എന്റര്‍ ചെയ്യുക. മാതൃഭൂമി ടെക്കില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്തകളുടെ തലക്കെട്ടുകള്‍ ഇന്‍ബോക്‌സിനു മുകളിലായി കാണാന്‍ കഴിയും.


താത്പര്യമുള്ള വാര്‍ത്തകള്‍ വായിയ്ക്കുന്നതിനായി ലിങ്കില്‍ അമര്‍ത്തിയാല്‍ മതിയാകും. ഇതുപോലേ ഏതു സൈറ്റില്‍ നിന്നുള്ള അപ്‌ഡേറ്റുകളും ഫീഡുകള്‍ മുഖേന സബ്‌സ്‌െ്രെകബ് ചെയ്യാവുന്നതാണ്. സൈറ്റിന്റെ ഫീഡ് അഡ്രസ് കണ്ടുപിടിയ്ക്കുന്നതിന് അഡ്രസ്സ് ബാറില്‍ ഉള്ള 'ഞടട' ചിഹ്നത്തില്‍ അമര്‍ത്തുക.

നിങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് ഒരു പ്രത്യേക മേഖലയില്‍ പ്രമുഖ സൈറ്റുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ ലഭിക്കുന്നതിനുള്ള സൗകര്യവും വെബ് ക്ലിപ്പ് സെറ്റിംഗുകള്‍ ഒരുക്കുന്നു.

ഓഫ്‌ലൈന്‍ മെയില്‍

ഇന്റര്‍നെറ്റ് ബന്ധം ഇല്ലാത്ത അവസരങ്ങളിലും ജിമെയില്‍ ഉപയോഗിക്കാന്‍ ഉതകുന്നതാണ് ഓഫ്‌ലൈന്‍ മെയില്‍ സംവിധാനം. അതായത് ഓഫ്‌ലൈന്‍ സംവിധാനം എനേബിള്‍ ചെയ്താല്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ജിമെയില്‍ അക്കൗണ്ടിന്റെ ഒരു പതിപ്പ് സൂക്ഷിക്കപ്പെടുന്നു, ഇന്റര്‍നെറ്റ് ബന്ധം ഇല്ലാതിരിക്കുന്ന അവസരങ്ങളിലും പഴയ സന്ദേശങ്ങള്‍ വായിക്കുവാനും മറുപടി തയ്യാറാക്കുവാനും കഴിയുന്നു. പിന്നീട് ഇന്റര്‍നെറ്റ് ബന്ധം പുനസ്ഥാപിക്കപ്പെടുന്ന അവസരത്തില്‍ അവ സ്വയമേവ അയക്കപ്പെടുകയും ചെയ്യുന്നു. അടിക്കടി യാത്രചെയ്യുന്നവര്‍ക്ക് ഇത് വളരെ ഉപകാരപ്രദമാണ് പ്രത്യേകിച്ച് വിമാനയാത്രകളിലും മറ്റും ഇന്റര്‍നെറ്റ് ബന്ധം ലഭ്യമല്ലാത്ത അവസരങ്ങളില്‍.

ജിമെയില്‍ ലാബ്

ജിമെയിലില്‍ പുതിയ പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി പരീക്ഷണങ്ങള്‍ നടന്നു വരുന്നു. ഇത്തരത്തില്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള ഫീച്ചറുകള്‍ 'ജിമെയില്‍ ലാബ്' എന്ന വിഭാഗത്തില്‍ ലഭ്യമാണ്. ജിമെയില്‍ ലാബില്‍ പരീക്ഷിയ്ക്കപ്പെട്ടവയാണ് പിന്നീട് ജിമെയിലിന്റെ ഭാഗമായി മാറുന്നത്. ഇത്തരത്തിലുള്ള പല അപ്ലിക്കേഷനുകളും വളരെ പ്രയോജനകരമാണ്. അവയില്‍ ചിലതിനെക്കുറിച്ച്-

1. Undo Send: സെന്‍ഡ് ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞതിനു ശേഷം ആയിരിക്കും വിട്ടുപോയകാര്യങ്ങളെക്കുറിച്ച് ഓര്‍ക്കുന്നത്. ഇത് ഒഴിവാക്കാനുള്ള ഒരു ആപ്ലിക്കേഷന്‍ ആണ് 'Undo Send' അതായത് സെന്‍ഡ് ബട്ടണ്‍ അമര്‍ത്തിയതിനു ശേഷവും വേണമെങ്കില്‍ പിന്‍വലിക്കാനുള്ള ചെയ്യാനുള്ള അവസരം ലഭ്യമാകുന്നു. പക്ഷേ ഓര്‍മ്മിയ്ക്കുക ഇത് ഏതാനും സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ ഉപയോഗിയ്ക്കാണം. 'Message Sent' എന്നു കണ്ടുകഴിഞ്ഞാല്‍ പിന്നീട് അവ പിന്‍വലിക്കാനാകില്ല.


2. Insert Image: പലരും ചിത്രങ്ങള്‍ ഈമെയിലില്‍ അറ്റാച്ച്‌മെന്റ് ആയാണ് അയയ്ക്കാറ്. ഇത്തരത്തില്‍ അറ്റാച്ച് ചെയ്തിട്ടുള്ള ചിത്രങ്ങള്‍ കാണണമെങ്കില്‍ ലഭിയ്ക്കുന്നയാള്‍ ആദ്യം അത് ഡൗണ്‍ലോഡ് ചെയ്യണം. 'ഇന്‍സര്‍ട്ട് ഇമേജ്' എന്ന ജിമെയില്‍ ലാബ് ആഡൊണ്‍ മെയിലിനകത്തു തന്നെ ചിത്രങ്ങള്‍ സന്നിവേശിപ്പിക്കാന്‍ സഹായിക്കുന്നു. ഈ സംവിധാനം എനേബിള്‍ ചെയ്യുകയാണെങ്കില്‍ കമ്പോസ് വിന്‍ഡോയില്‍ ചിത്രങ്ങള്‍ ചേര്‍ക്കാനുള്ള ഒരു ബട്ടണ്‍ ലഭിയ്ക്കുന്നു (ചിത്രം ശ്രദ്ധിക്കുക) അതായത് നിങ്ങളുടെ കമ്പ്യൂട്ടറിനകലുള്ള ഒരു ചിത്രമോ അതല്ലെങ്കില്‍ നെറ്റില്‍ നിന്നും പകര്‍ത്തിയ ഒരു ചിത്രമോ ഇത്തരത്തില്‍ ചേര്‍ക്കാനാകും. അതിനാല്‍ മെയില്‍ തുറക്കുമ്പോള്‍ തന്നെ ചിത്രവും അതിന്റെ പൂര്‍ണരൂപത്തില്‍ ദൃശ്യമാകുന്നു.


പ്രയോരിറ്റി ഇന്‍ബോക്‌സ്

നൂറുകണക്കിനു സന്ദേശങ്ങള്‍ക്കിടയില്‍പെട്ട് സുപ്രധാനമായ സന്ദേശങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ടൊ. ഇതിനൊരു പരിഹാരമാണ് ഈ അടുത്ത കാലത്തായി ജിമെയിലില്‍ ചേര്‍ക്കപ്പെട്ട 'പ്രിയോരിറ്റി ഇന്‍ബോക്‌സ്' എന്ന ഫീച്ചര്‍. ഈ സംവിധാനം വഴി പ്രധാനപ്പെട്ട സന്ദേശങ്ങള്‍ എത്ര പഴയതായാല്‍ കൂടി മുന്‍ഗണനാ ക്രമത്തില്‍ ഇന്‍ബോക്‌സില്‍ പ്രദര്‍ശിപ്പിക്കുന്നു. പ്രയോരിറ്റി ഇന്‍ബോക്‌സ് എനേബില്‍ ചെയ്തു കഴിഞ്ഞാല്‍ ഇന്‍ബോക്‌സിലെ സന്ദേശങ്ങളെ Important and unread, Starred, Everything else എന്നിങ്ങനെ മൂന്നായി തരം തിരിച്ച് ദൃശ്യമാക്കുന്നു. നിങ്ങള്‍ കൂടുതലായി ചാറ്റ് ചെയ്യുന്നതും മെയില്‍ അയയ്ക്കുന്നതും ആയ വ്യക്തിയില്‍ നിന്നുള്ള സന്ദേശങ്ങള്‍, കൂടുതലായി വായിക്കുന്ന വാക്കുകള്‍ അടങ്ങിയ സന്ദേശങ്ങള്‍ തുടങ്ങിയവ പരിഗണിച്ചാണ് മുന്‍ഗണനാക്രമം നിര്‍ണ്ണയിക്കുന്നത്. ഈ ക്രമം ഉപയോക്താവിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് മാറ്റുവാനും കഴിയുന്നു.

.

ജിമെയില്‍ ഷോര്‍ട്ട്കട്ടുകള്‍

മറ്റേത് ഡസ്‌ക്ടോപ് അപ്ലിക്കേഷനുകളേപ്പോലെയും ജിമെയിലും കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍ സപ്പോര്‍ട്ട് ചെയ്യും. ഇതിനായി ജനറല്‍ സെറ്റിംഗ്‌സ് പേജിലെ കീബോര്‍ഡ് ഷോര്‍ട്ട്കട്ട് സംവിധാനം എനേബിള്‍ ചെയ്താല്‍ മതി.

ജിമെയില്‍ തീമുകള്‍

ജിമെയിലില്‍ ലോഗിന്‍ ചെയ്തതിനു ശേഷം ഈ പേജില്‍ പോയി ഇഷ്ടമുള്ള തീമുകള്‍ തെരഞ്ഞെടുക്കാനാകും. കണ്ടു മടുത്ത ക്ലാസിക് തീമില്‍ നിന്നും മോചനം. ഇനി ലഭ്യമായ തീമുകള്‍ ഒന്നും ഇഷ്ടപ്പെടുന്നില്ലെങ്കില്‍ സ്വന്തമായി നിറങ്ങള്‍ തെരഞ്ഞെടുക്കുവാനും കഴിയും.

ജിമെയില്‍ അക്കൗണ്ട് മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍-
ഇതിനായി ജിമെയിലില്‍ ലോഗിന്‍ ചെയ്തതിനു ശേഷം ഏറ്റവും താഴെയുള്ള Last account activtiy: Details എന്ന ലിങ്കില്‍ അമര്‍ത്തുക അപ്പോള്‍ ചുവടെ കൊടുത്തിട്ടുള്ളതുപോലെയുള്ള ഒരു പോപ് അപ് വിന്‍ഡോ ദൃശ്യമാകും.


ഇത് നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട് ഏതൊക്കെ ഐപി അഡ്രസ്സുകളില്‍ നിന്നും ആണ് തുറന്നിരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നു. ഇതില്‍ ഐപി അഡ്രസ്സ്, സ്ഥലം, ഉപയോഗിച്ച ബ്രൗസര്‍, സമയം എന്നിവ ഉള്‍പ്പെടുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിങ്ങളുടെ അക്കൗണ്ടില്‍ മറ്റാരെങ്കിലും കടന്നു കയറിയിട്ടുണ്ടോ എന്ന് അറിയാന്‍ കഴിയും. മാത്രമല്ല ഇങ്ങനെ ഒരു കടന്നുകയറല്‍ ഉണ്ടായാല്‍ മുന്നറിയിപ്പ് ലഭിക്കുവാനുള്ള സംവിധാനവും ഇതില്‍ ഉണ്ട്. ഇത്തരത്തില്‍ സംശയാസ്​പദമായി എന്തെങ്കിലും കാണുകയാണെങ്കില്‍ ആ വിന്‍ഡോയില്‍ തന്നെയുള്ള 'Sign out all other sessions' എന്ന ബട്ടനില്‍ അമര്‍ത്തി സൈന്‍ ഔട്ട് ചെയ്യുക. തുടര്‍ന്ന് ഗൂഗിള്‍ അക്കൗണ്ടില്‍ ലൊഗിന്‍ ചെയ്ത ശേഷം ഉടന്‍ തന്നെ പാസ്‌വേഡും സുരക്ഷാ ചോദ്യങ്ങളും ഉത്തരങ്ങളും മാറ്റുക.

ജിമെയില്‍ അക്കൗണ്ടിന്റെ ബാക്കപ്പ് എങ്ങനെ എടുക്കാം

അടുത്തയിടെ പതിനായിരക്കണക്കിന് ജിമെയില്‍ വരിക്കാര്‍ക്ക് നടുക്കടലില്‍ പങ്കായം നഷ്ടമായ ഒരു അവസ്ഥ ഉണ്ടായി. അതായത് പലര്‍ക്കും അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാനാകാതെ വരികയോ ഇന്‍ബോക്‌സില്‍ സൂക്ഷിച്ചിരുന്ന സന്ദേശങ്ങള്‍ പൂര്‍ണ്ണമായി നഷ്ടമാകുകയോ ചെയ്തു. ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഗൂഗിള്‍ ഇവയൊക്കെ പുന:സ്ഥാപിക്കുകയുണ്ടായെങ്കിലും അക്കൗണ്ടിന്റെ ബാക്കപ്പ് എടുക്കേണ്ടതിന്റെ പ്രാധാന്യം ഏവര്‍ക്കും മനസിലാകാന്‍ ഉതകുന്നതായിരുന്നു ഈ സംഭവം. നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട് എപ്പോഴും ഗൂഗിളിന്റെ നിയമാവലികള്‍ക്ക് അടിപ്പെട്ടതാണ്. അതായത് ഈ നിയമാവലിയിലെ വ്യവസ്ഥകള്‍ അറിഞ്ഞോ അറിയാതെയോ ലംഘിക്കപ്പെടുകയാണെങ്കില്‍ ഏത് അക്കൗണ്ടും പ്രത്യേക മുന്നറിയിപ്പൊന്നും ഇല്ലാതെതന്നെ നീക്കം ചെയ്യാനാകും. ഇത്തരത്തിലുള്ള അത്യാഹിതങ്ങള്‍ മുന്‍കൂട്ടിക്കണ്ട് ജിമെയില്‍ അക്കൗണ്ടിന്റെ ബാക്കപ്പ് ഇടക്കിടെ എടുത്തുവയ്ക്കുന്നത് നല്ലതാണ്.

ജിമെയില്‍ അക്കൗണ്ടിലെ പൂര്‍ണവിവരങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് മാറ്റുന്നതിന് പല മാര്‍ഗ്ഗങ്ങളും ഉണ്ട്. അവയില്‍ ചിലത്-
പോപ് ഡൗണ്‍ലോഡ്: ഡെസ്‌ക്‌ടോപ്പ് മെയില്‍ അപ്ലിക്കേഷനുകളായ മൈക്രോസോഫ്ട് ഔട്ട്‌ലുക്ക്, ഔട്ട്‌ലുക്ക് എക്‌സ്​പ്രസ്, മോസില്ല തണ്ടര്‍ബേഡ്, ആപ്പിള്‍ മെയില്‍ തുടങ്ങിയവ ഉപയോഗിച്ച് എളുപ്പത്തില്‍ ജിമെയില്‍ അക്കൗണ്ടിലുള്ള എല്ലാ വിവരങ്ങളെയും പൂര്‍ണ്ണമായോ ഭാഗികമായോ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

ഇതിനായി ജിമെയില്‍ സെറ്റിംഗ്‌സിലെ Forwarding and POP/IMAP ല്‍ അമര്‍ത്തുക. തുടര്‍ന്ന് 'Enable POP for all mail (even mail that's already been downloaded) എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇനി തുടര്‍ന്നു വരുന്ന മെയിലുകളുടെ ബാക്കപ് മാത്രമേ വേണ്ടൂ എങ്കില്‍ Enable POP for mail that arrives from now on എന്ന ഒപ്ഷന്‍ തെരഞ്ഞെടുക്കാം.

സെറ്റിംഗ്‌സ് സേവ് ചെയ്ത ശേഷം നിങ്ങളുടെ ഡെസ്‌ക്‌ടോപ്പ് ഈ മെയില്‍ ക്ലയന്റ് സോഫ്ട്‌വേര്‍ കോണ്‍ഫിഗര്‍ ചെയ്യാം. ഇത് എങ്ങിനെ സാധ്യമാകുന്നു എന്ന് ഈ ജിമെയില്‍ ഹെല്പ് പേജ് വിശദമാക്കുന്നു.

തേര്‍ഡ് പാര്‍ട്ടി സോഫ്ട്‌വേറുകള്‍
ജിമെയില്‍ അക്കൗണ്ട് കമ്പ്യൂട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി നിരവധി തേര്‍ഡ്പാര്‍ട്ടീ ബാക്കപ്പ് സോഫ്ട്‌വേറുകള്‍ ലഭ്യമാണ് അവയില്‍ ഒന്നാണ് 'ജിമെയില്‍ ബാക്കപ്പ്' ഈ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ ജിമെയില്‍ അക്കൗണ്ടിന്റെ യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് കമ്പ്യൂട്ടര്‍ ഹാര്‍ഡ്ഡിസ്‌കിലെ അനുയോജ്യമായ ഭാഗത്തേയ്ക്ക് പകര്‍ത്താന്‍ കഴിയും.


ജിമെയില്‍ അക്കൗണ്ട് പകര്‍പ്പ് ഹോട്ട്‌മെയിലിലേക്ക്-

ജിമെയിലിന്റെ പേരും പെരുമയും വര്‍ധിച്ചിട്ടുണ്ടെങ്കിലും പഴയ ഹോട്ട്‌മെയിലിനെ (പുതിയ വിന്‍ഡോസ് ലൈവ്) പൂര്‍ണ്ണമായും അവഗണിക്കാനാവില്ല. ഏതൊരു ഈമെയില്‍ അക്കൗണ്ടിന്റെയും കോപ്പി എടുക്കാന്‍ വളരെ ഉപകാരപ്രദമാണ് ഇതിലെ 'ട്രൂ സ്വിച്ച്' എന്ന സംവിധാനം. ഇതിനായി വിന്‍ഡോസ് ലൈവ് അക്കൗണ്ട് ഇല്ലെങ്കില്‍ പുതിയതായി ഒന്ന് നിര്‍മിക്കുക. ട്രൂ സ്വിച്ച് ഫീച്ചര്‍ ഉപയോഗിച്ച് നിങ്ങളുടെ ജിമെയില്‍ അക്കൗണ്ടിലെ എല്ലാ സന്ദേശങ്ങളെയും വിലാസങ്ങളെയും ഹോട്ട്‌മെയില്‍ അക്കൗണ്ടിലേക്ക് എളുപ്പം പകര്‍ത്താനാകും.

1 comment:

  1. thanks to sri Sujith kumar
    Posted on: 14 Mar 2011 mathrubhumi

    -സുജിത് കുമാര്‍

    ReplyDelete